ഒന്നാമത്തെ അടിവരസൈ.
തട്ടിക്കേറി അടിവെട്ട്.
നേർരേഖയിലുള്ള മൂന്ന് കളങ്ങളാണ് ഈ മുറയ്ക്കായി ഉപയോഗിക്കേണ്ടത്. അറ്റങ്ങളിലും മധ്യഭാഗത്തുമായി ക്രമീകരിച്ചിട്ടുള്ള ഈ കളങ്ങളിൽ, മധ്യഭാഗത്തെ കളത്തിൽ ഇടതുകാലും പിറകിലെ കളത്തിൽ വലതുകാലും ഉറപ്പിച്ചു വേണം നില കൊള്ളാൻ. ഇതിനു ശേഷം ഇടതുകൈകൊണ്ട് അകത്തുനിന്ന് പുറത്തേക്ക് തട്ടി പ്രതിരോധിച്ചുകൊണ്ട്, വലതുകാൽ മുൻപിലെ കളത്തിലേക്ക് വെച്ച് മാറ്റാൻ്റെ ചെന്നി ലക്ഷ്യമാക്കി അടിച്ചു വെട്ടണം. തുടർന്ന് വേഗത്തിൽ തിരിഞ്ഞ് വീണ്ടും ഇടതുകൈകൊണ്ട് തടയുകയും, വലതുകാൽ മുൻപിലേക്ക് നീട്ടി വലതുകൈകൊണ്ട് അടിച്ചുവെട്ടുകയും വേണം. പുനരാവർത്തനമായി എതിർദിശയിലേക്ക് തിരിഞ്ഞ് ഇടതുകൈകൊണ്ട് തട്ടി വലതുകൈകൊണ്ട് പ്രഹരിക്കേണ്ടതുമാണ്.
രണ്ടാമത്തെ അടിവരസൈ.
തട്ടിക്കേറി ഇടിവെട്ട്.
നേർരേഖയിലുള്ള മൂന്ന് കളങ്ങളാണ് ഈ മുറയ്ക്കായി സജ്ജീകരിക്കേണ്ടത്. അറ്റങ്ങളിലും മധ്യഭാഗത്തുമായി ക്രമീകരിച്ചിട്ടുള്ള ഈ കളങ്ങളിൽ, മധ്യഭാഗത്തെ കളത്തിൽ ഇടതുകാലും പിൻഭാഗത്തെ കളത്തിൽ വലതുകാലും ഉറപ്പിച്ചു വേണം നില കൊള്ളാൻ. ഇതിനു ശേഷം ഇടതുകൈകൊണ്ട് തട്ടിക്കയറി പ്രതിരോധിച്ചുകൊണ്ട്, മാറ്റാൻ്റെ കൂമ്പു മർമ്മം ലക്ഷ്യമാക്കി വലതുകൈകൊണ്ട് ഇടിച്ച് വെട്ടണം. തുടർന്ന് വേഗത്തിൽ എതിർദിശയിലേക്ക് തിരിഞ്ഞ് വീണ്ടും ഇടതുകൈകൊണ്ട് തടയുകയും, കൂമ്പു മർമ്മത്തിൽ തന്നെ വലതുകൈകൊണ്ട് ഇടിച്ച് വെട്ടുകയും വേണം. പുനരാവർത്തനമായി വീണ്ടും എതിർദിശയിലേക്ക് തിരിഞ്ഞ് ഇടതുകൈകൊണ്ട് തട്ടി വലതുകൈകൊണ്ട് പ്രഹരിക്കേണ്ടതുമാണ്.
മൂന്നാമത്തെ അടിവരസൈ
തട്ടിക്കേറി കുത്തിവെട്ട്.
നേർരേഖയിലുള്ള മൂന്ന് കളങ്ങളാണ് ഈ മുറയ്ക്കായി ഉപയോഗിക്കേണ്ടത്. അറ്റങ്ങളിലും മധ്യഭാഗത്തുമായി ക്രമീകരിച്ചിട്ടുള്ള ഈ കളങ്ങളിൽ, മധ്യഭാഗത്തെ കളത്തിൽ ഇടതുകാലും പിൻഭാഗത്തെ കളത്തിൽ വലതുകാലും ഉറപ്പിച്ചു വേണം നില കൊള്ളാൻ. ഇതിനു ശേഷം ഇടതുകൈകൊണ്ട് തട്ടിക്കയറി പ്രതിരോധിച്ചുകൊണ്ട്, മാറ്റാൻ്റെ കൊരക്കിന് കുത്തി വെട്ടണം. തുടർന്ന് വേഗത്തിൽ എതിർദിശയിലേക്ക് തിരിഞ്ഞ് വീണ്ടും ഇടതുകൈകൊണ്ട് തടയുകയും, മാറ്റാൻ്റെ കൊരക്കിന് തന്നെ വലതുകൈകൊണ്ട് കുത്തി വെട്ടുകയും വേണം. പുനരാവർത്തനമായി വീണ്ടും എതിർദിശയിലേക്ക് തിരിഞ്ഞ് ഇടതുകൈകൊണ്ട് തട്ടി വലതുകൈകൊണ്ട് മാറ്റാനെ ഇടിച്ച് വീഴ്ത്തണം.
നാലാമത്തെ അടിവരസൈ.
തട്ടിക്കേറി ചവിട്ടിവെട്ട്.
നിലയിൽ നിന്നുകൊണ്ട് ഇടതുകൈകൊണ്ട് തട്ടിക്കയറി പ്രതിരോധിച്ചുകൊണ്ട്, മാറ്റാൻ്റെ നാഭിഭാഗം ലക്ഷ്യമാക്കി ചവിട്ടുകയും വലതുകൈകൊണ്ട് ഇടിച്ച് വെട്ടുകയും വേണം. തുടർന്ന് വേഗത്തിൽ എതിർദിശയിലേക്ക് തിരിഞ്ഞ് വീണ്ടും ഇടതുകൈകൊണ്ട് തടയുകയും, മാറ്റാൻ്റെ നാഭിയിൽ തന്നെ ചവിട്ടി ഇടിച്ച് വെട്ടുകയും വേണം. പുനരാവർത്തനമായി വീണ്ടും എതിർദിശയിലേക്ക് തിരിഞ്ഞ് ഇടതുകൈകൊണ്ട് തട്ടി വലതുകൈകൊണ്ട് മാറ്റാനെ ഇടിച്ച് വീഴ്ത്തണം.
അഞ്ചാമത്തെ അടിവരസൈ.
തട്ടിക്കേറി അകം കാലിന് അടിവെട്ട്.
നിലയിൽ നിന്നുകൊണ്ട് ഇടതുകൈകൊണ്ട് തട്ടിക്കയറി പ്രതിരോധിച്ചുകൊണ്ട്, മാറ്റാൻ്റെ നെഞ്ചിൻകുഴി ലക്ഷ്യമാക്കി പരത്തിക്കുത്തുകയും പള്ളയ്ക്ക് കാലുകൊണ്ട് അറുത്തുമാറ്റുകയും വേണം. തുടർന്ന് വലതുകൈകൊണ്ട് മാറ്റാനെ വെട്ടേണ്ടതുമാണ്. എതിർദിശയിലേക്ക് തിരിഞ്ഞ് ഈ മുറകൾ ആവർത്തിച്ചതിനുശേഷം, പുനരാവർത്തനമായി വീണ്ടും തിരിഞ്ഞ് ഇടതുകൈകൊണ്ട് തട്ടി വലതുകൈകൊണ്ട് പ്രഹരിക്കേണ്ടതുമാണ്.
ആറാമത്തെ അടിവരസൈ.
തട്ടിക്കേറി പുറം കാലിന് അടിവെട്ട്.
നിലയിൽ നിന്നുകൊണ്ട് ഇടതുകൈകൊണ്ട് തട്ടിക്കയറി പ്രതിരോധിച്ചുകൊണ്ട്, മാറ്റാൻ്റെ കൊരക്കിന് വലതുകൈകൊണ്ട് കുത്തിയും വലതുകാൽ വെച്ച് പുറങ്കാലുകൊണ്ട് അറുത്തുമാറ്റിയും വലതുകൈകൊണ്ട് തന്നെ വെട്ടുകയും വേണം. തുടർന്ന് വേഗത്തിൽ എതിർദിശയിലേക്ക് തിരിഞ്ഞ് ഈ മുറകൾ ആവർത്തിക്കേണ്ടതാണ്. പുനരാവർത്തനമായി വീണ്ടും തിരിഞ്ഞ് ഇടതുകൈകൊണ്ട് തട്ടി വലതുകൈകൊണ്ട് മാറ്റാനെ ഇടിച്ച് വീഴ്ത്തണം.
ഏഴാമത്തെ അടിവരസൈ.
തട്ടിക്കേറി അകംകാൽ പുറംകാൽ.
നിലയിൽ നിന്നുകൊണ്ട് ഇടതുകൈകൊണ്ട് തട്ടിക്കയറി മാറ്റാൻ്റെ കൊരക്കിന് കുത്തി, അകങ്കാലുകൊണ്ട് അറുത്ത് മാറ്റുകയും വലതുകൈകൊണ്ട് കുത്തി പുറങ്കാലുകൊണ്ട് അറുത്ത് പ്രഹരിച്ച് വലതുകൈകൊണ്ട് തന്നെ വെട്ടുകയും വേണം. തുടർന്ന് വേഗത്തിൽ എതിർദിശയിലേക്ക് തിരിഞ്ഞ് ഈ മുറകൾ ആവർത്തിക്കേണ്ടതാണ്. പുനരാവർത്തനമായി വീണ്ടും തിരിഞ്ഞ് ഇടതുകൈകൊണ്ട് തട്ടി വലതുകൈകൊണ്ട് മാറ്റാനെ ഇടിച്ച് വീഴ്ത്തണം.