തെക്കൻ കളരി സങ്കൽപ്പങ്ങൾ
ബാലി, ഭീമൻ എന്നിവരിലൂടെ ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്ന 64 ശൈലികളിൽ നിന്നാണ് തെക്കൻ കളരിയുടെ ഉത്ഭവം.
തെക്കൻ കളരിയിൽ 12 നിലകളും ഓരോ നിലയ്ക്കും 64 അടവുകളുമുണ്ട്. ഓരോ അടവിനും 12 പിരിവുകളും മറുപിരിവുകളും ഉണ്ട്.
തെക്കൻ കളരിയിലെ പൂത്തറ അഥവാ തൊഴുതെടുക്കുന്ന സ്ഥലം എന്നതിനെക്കുറിച്ചുള്ള പഴയ സങ്കൽപ്പങ്ങൾ താഴെ പറയുന്നവയാണ്:
കളരിത്തറയുടെ മധ്യഭാഗത്ത് കളിമണ്ണിൽ തീർത്ത, ആറടി പൊക്കമുള്ള വൃത്താകൃതിയിലുള്ള പീഠം ഉണ്ടായിരിക്കും. പീഠത്തിന് ചുറ്റും 12 വലയങ്ങൾ ഉണ്ടെന്നാണ് സങ്കൽപ്പം. പീഠം ചാണകം മെഴുകി വൃത്തിയാക്കണം. മധ്യഭാഗത്ത് അരശൻ കമ്പ് നാട്ടുന്നു; ഈ കമ്പിൽ ഗണപതി ഭഗവാൻ കുടിയിരിക്കുന്നു എന്നാണ് സങ്കൽപ്പം.
നാട്ടിയ കമ്പിന് മുൻപിലായി അഞ്ച് തിരിയിട്ട വിളക്ക് തെളിയിക്കുന്നു. ഈ ദീപത്തിന് ചുറ്റും നിന്നുകൊണ്ട് അഭ്യാസികൾ പരിശീലിക്കണം എന്നാണ് സങ്കൽപ്പം.
തെക്കൻ കളരികളിൽ നിലവിൽ പാലിച്ചുവരുന്ന സങ്കൽപ്പങ്ങൾ താഴെ പറയുന്നവയാണ്:
പിന്നീട് പൂത്തറ കന്നിമൂലയിലേക്ക് മാറി. പന്ത്രണ്ട് പടികളോടുകൂടിയ പൂത്തറയാണ് കന്നിമൂലയിൽ സ്ഥാപിക്കുന്നത്. ഈ 12 പടികൾ 12 ആധാരങ്ങളെ സൂചിപ്പിക്കുന്നു.
12 ആധാരങ്ങൾ: മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, നാദം, ബിന്ദു, ബോധിനി, ശക്തി, കൈലാസം, സഹസ്രാര ആധാരം.
പന്ത്രണ്ടാമത്തെ പടിയുടെ മുകളിൽ ശിവപ്രതിഷ്ഠയോ ഗണപതിപ്രതിഷ്ഠയോ, അല്ലെങ്കിൽ അതത് ഗുരുക്കന്മാരുടെ ഇഷ്ടാനുസരണമുള്ള പ്രതിഷ്ഠയോ വെക്കാവുന്നതാണ്.
പടികൾക്ക് മുൻപിലായി അല്പം ഉയരത്തിൽ ഒരു പീഠം ഉണ്ടായിരിക്കും. അതിൽ അഞ്ച് തിരിയിട്ട നിലവിളക്ക് കത്തിച്ചു വെക്കുന്നു.
പൂത്തറയിൽ പാലിക്കേണ്ട സ്ഥാനങ്ങൾ താഴെ പറയുന്നവയാണ്:
12 വലയങ്ങളുടെ മധ്യഭാഗത്ത് ഒരു വലയവും അതിനു നടുവിൽ ഒരു ചതുരവും, ചതുരത്തിന്റെ മധ്യത്തിൽ ഒരു ത്രികോണവും ഉണ്ടായിരിക്കും. ത്രികോണത്തിന് നടുവിൽ അരശൻ കമ്പ് സ്ഥാപിക്കുന്നു. ഇതിന് മുൻവശത്തെ കോണിൽ നിലവിളക്കും, ഇരുവശത്തെയും കോണുകളിൽ ശക്തിയും ബുദ്ധിയും വസിക്കുന്നു എന്ന് സങ്കൽപ്പിക്കുന്നു. 12 പടികളിൽ ഓരോ പടിയിലും എട്ട് വീതം ബിന്ദുക്കൾ ഉണ്ടായിരിക്കും. ഈ ഓരോ ബിന്ദുക്കളിലും മൺചിരാതുകൾ തെളിയിക്കേണ്ടതാണ്.
ആദ്യകാല സങ്കൽപ്പമനുസരിച്ച് ഈ പടികൾ ചുവരിനോട് ചേർത്ത് വെക്കാൻ പാടുള്ളതല്ല; ചുറ്റും നടന്ന് തൊഴാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ഇന്ന് വടക്കൻ സമ്പ്രദായത്തെപ്പോലെ ചുവരിനോട് ചേർത്താണ് പൂത്തറ പണിയുന്നത്. ഇത് ഷഡാധാര രീതിയിലാണെന്ന് പറയപ്പെടുന്നു.
12 പടികളില്ലാതെ ഒരു പീഠത്തിൽ നിലവിളക്ക് കൊളുത്തുന്ന സമ്പ്രദായവും ഇന്ന് നിലവിലുണ്ട്.
തെക്കൻ കളരിയിലെ അടവുകളുടെ കണക്ക്
തെക്കൻ കളരിയിൽ 12 ഒറ്റച്ചുവട്, 12 കൂട്ടച്ചുവട്, 12 തട്ടു മർമ്മച്ചുവട്, 12 പിരിവ് ചുവട് എന്നിവയുണ്ട്. ഓരോ ചുവട് മുറയ്ക്കും 64 പിരിവ് മുറകളും ഉണ്ടായിരിക്കും.
12 നിലകളിലെ ഓരോ 64 അടവുകളിലും പുറമെ കാണുന്നതിനപ്പുറം അകംപൊരുൾ ഒളിഞ്ഞിരിക്കുന്നു.
കളരിയിലെ ആശാൻ സങ്കൽപ്പം
അഭ്യാസങ്ങൾ പരിശീലിച്ചു തന്നിൽ ലയിപ്പിച്ചു താനായി നിൽക്കുമ്പോൾ, സ്ഥൂലസൂക്ഷ്മമെന്ന അകംപൊരുൾ തെളിഞ്ഞുവരും. ആ പൊരുളിൽ തെളിയുന്ന ദീപത്തിൽ ലയിക്കുമ്പോഴാണ് ഒരാൾ യഥാർത്ഥ ‘ആശാൻ’ ആയി മാറുന്നത്.