തെക്കൻ കളരി ആമുഖം.
പരമശിവനിൽ നിന്നും അഗസ്ത്യ ഗോത്രത്തിലേക്കും അത് വഴി ഭോഗർ ഗോത്രങ്ങളിലേക്കും പകർന്നു നൽകപ്പെട്ടതാണ് തെക്കൻ കളരിയുടെ ഉത്ഭവമെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റൊരു ഉൾക്കഥ പ്രകാരം പരമശിവനിൽ നിന്നും പാർവ്വതീദേവിക്കും ദേവിയിൽ നിന്നും പുത്രനായ സുബ്രഹ്മണ്യനും പിന്നീട് അഗസ്ത്യമുനി, ഭോഗർ എന്നിവരിലേക്കും ഈ വിദ്യ കൈമാറി വന്നതാണെന്നും കരുതപ്പെടുന്നു. തെക്കൻ കളരി, അടിമുറൈ, വർമ്മ അടിമുറൈ, വർമ്മ കലൈ, വർമ്മക്കളരി എന്നിങ്ങനെ വിവിധ നാമങ്ങളിൽ ഈ അഭ്യാസമുറ അറിയപ്പെടുന്നുണ്ടെങ്കിലും ഇവയെല്ലാം അഗസ്ത്യമുനിയിൽ നിന്ന് തന്നെ രൂപംകൊണ്ടതാണ്.
അഗസ്ത്യമുനിയെ ഹൃദയത്തിൽ ധ്യാനിച്ചുകൊണ്ടാവണം വിദ്യയുടെ ആരംഭം കുറിക്കേണ്ടത്. ഇതിൻ്റെ മുന്നോടിയായി ഗുരുക്കന്മാർ ശിഷ്യനെക്കൊണ്ട് സത്യപ്രമാണം ചെയ്യിക്കുന്നു. “എൻ്റെ കുടുംബത്തിനോ ബന്ധുമിത്രാദികൾക്കോ ശാരീരികമോ മാനസികമോ ആയ ആപത്തുക്കൾ സംഭവിക്കുമ്പോൾ മാത്രമേ ഈ വിദ്യ ഞാൻ പ്രയോഗിക്കുകയുള്ളൂ എന്നും ഗുരുവിൻ്റെ ആജ്ഞയില്ലാതെ മറ്റൊരിടത്തും ഇത് പ്രകടിപ്പിക്കുകയോ ഉപദേശിക്കുകയോ ചെയ്യില്ല” എന്നതുമാണ് ആ സത്യം.
നാടാർ സമുദായങ്ങൾക്കിടയിലാണ് ഈ അഭ്യാസമുറയിൽ കൂടുതൽ നൈപുണ്യമുള്ളവരെ കണ്ടുവരുന്നത്. മറ്റേതൊരു മുറയെയും പോലെ തെക്കൻ കളരിയുടെയും പരമപ്രധാനമായ അടിസ്ഥാനം ചുവടുകൾ തന്നെയാണ്.
അടിമുറൈ, പിടിമുറൈ, തട്ടുമുറൈ എന്നിങ്ങനെ വിവിധങ്ങളായ മുറകളിലൂടെയാണ് അഭ്യാസി എതിരാളിയെ നിരീക്ഷിക്കേണ്ടത്. കാലസൈവ്,മൂച്ചസൈവ്, പഞ്ചപക്ഷി ശാസ്ത്രം എന്നിവയെല്ലാം സമന്വയിപ്പിച്ചുകൊണ്ട് ഹോരയും നേർമൂച്ചും നോക്കി വേണം നീക്കങ്ങൾ നടത്താൻ. അപ്രകാരം വിദ്യ പ്രയോഗിച്ചാൽ എതിരാളി മയങ്ങിപ്പോകുന്നതാണ്. അടിമുറൈയുടെ ആഴമറിഞ്ഞ് ഗുരുപാദങ്ങളിൽ താഴ്ന്നു നിന്നുവേണം ഈ വിദ്യ അഭ്യസിക്കേണ്ടത്.
പാരപ്പ അടിമുറൈ, പിടിമുറൈ തട്ടുമുറൈ പളകപ്പാ എതിർകാല എതിരാളിയെ പാർത്ത്, കാലസൈവും.മൂച്ചസേവും.പഞ്ചപക്ഷി തന്നെ പാർത്ത്.ഹോരൈ നേർ മൂച്ച്. മിച്ചം പാർത്ത്, ഉട്രപ്പാ, എതിരാളി മയന്തു പോവാൻ, അടിമുറയെ അഴുന്തുപാറ്, ഗുരുമുറയിൽ. താഴ്ന്തു നില്ല്.
അൻപത്തിനാല് വൈവിധ്യമാർന്ന ആയുധപ്രയോഗ മുറകളാണ് ഇതിലുള്ളതെങ്കിലും തെക്കൻ കളരിയിൽ പ്രധാനമായും മുപ്പത്തിയാറ് തരം ആയുധങ്ങളാണ് ഉപയോഗിച്ചുവരുന്നത്.
രണ്ട് സുപ്രധാന ലക്ഷ്യങ്ങളാണ് ഈ വിദ്യ മുൻനിർത്തുന്നത്. ഒന്നാമതായി, എതിരാളിയുടെ ആഘാതങ്ങളിൽ നിന്ന് തന്ത്രപൂർവ്വം ഒഴിഞ്ഞുമാറുകയും, രണ്ടാമതായി, നിമിഷനേരം കൊണ്ട് മാറ്റാനെ നിലംപരിശാക്കുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ സാരം.
കളരി പ്രമാണമനുസരിച്ച് ഓരോ നീക്കവും പതിനാലായിരം തവണയെങ്കിലും ആവർത്തിച്ച് അഭ്യസിച്ചാൽ മാത്രമേ അത് പൂർണ്ണതയിലെത്തുകയുള്ളൂ. ഏതൊരു അഭ്യാസത്തിൻ്റെയും അടിത്തറ ചുവടുകളായതിനാൽ തന്നെ, ഓരോ ചുവടിനും എണ്ണമറ്റ പിരിവുകളും ഉപപിരിവുകളും ഈ മുറയിൽ അടങ്ങിയിരിക്കുന്നു.
അടിവരസയിൽ നിന്നാണ് വിദ്യയുടെ ആരംഭം കുറിക്കേണ്ടത്. അടിവരസയിലുള്ള നൈപുണ്യമാണ് പിന്നീട് അടിവേലയും മെയ് വേലയും വശമാക്കാൻ അഭ്യാസിയെ പ്രാപ്തനാക്കുന്നത്. ഒരു ഒറ്റച്ചുവടിന് തന്നെ കുറഞ്ഞത് ആറ് അടിവരസികളും ആറ് അടിവേലയും മെയ് വേലയും ഇതിൽ നിഷ്കർഷിക്കുന്നുണ്ട്.
അഭ്യസി നിൽക്കുന്ന രീതിയെ നിലയെന്നും മുന്നോട്ടും പിന്നോട്ടുമുള്ള നീക്കങ്ങളെ ചുവടുകൾ എന്നും വിശേഷിപ്പിക്കുന്നു. നെഞ്ചിന് നേരെ വരുന്ന പ്രഹരങ്ങളെ തട്ടിക്കളഞ്ഞും നെഞ്ചിന് താഴേക്ക് വരുന്നവയെ അമർത്തിയും വേണം പ്രതിരോധിക്കേണ്ടത് എന്നതാണ് മറ്റൊരു പ്രമാണം.